ബിഷപ്പിന്റെ പേരുപറഞ്ഞ് ‘ബ്ലാക്ക് മെയില്‍’ ബാലചന്ദ്രനെതിരെ കേസ് വരുമോ?

ടന്‍ ദിലീപിനു ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട്, നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേര് പറഞ്ഞ് സംവിധായകന്‍ ബാലചന്ദ്രന്‍ പണം തട്ടാന്‍ ശ്രമിച്ചതായ ആരോപണം അതീവ ഗുരുതരമാണ്. ദിലീപ് ഉന്നയിച്ച ഈ ആരോപണത്തിനെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവ് അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ ബിഷപ്പിനു ബന്ധമില്ലെങ്കില്‍, ബിഷപ്പ് ഹൗസ് തന്നെ നേരിട്ട് പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകണം. ഇത് കേവലം ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവം മാത്രമല്ല, നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളികൂടിയാണ്. അതു കൊണ്ട് ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കാനുള്ള ബാധ്യത സംസ്ഥാന പൊലീസ് ചീഫിനും ഉണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ട കേസാണിത്.

നെയാറ്റിന്‍കര ബിഷപ്പിനെ അറിയുമെന്നും, അതിനടുത്താണ് താന്‍ താമസിക്കുന്നതെന്നും ചാനലുകളിലൂടെ ബാലചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദിലീപ് ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ബാലചന്ദ്രനെ ബിഷപ്പിന് അറിയുക പോലും ഇല്ലന്നാണ്, നെയ്യാറ്റിന്‍കര രൂപത വ്യക്തമാക്കിയിരിക്കുന്നത്. ഈ രണ്ടഭിപ്രായ പ്രകടനങ്ങളിലും കാര്യമായ പൊരുത്തക്കേടുണ്ട്. ദിലീപിന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളുവുകള്‍ പ്രസക്തമാകുന്നത് ഈ ഘട്ടത്തിലാണ്.

ദിലീപ് സ്വന്തം വീട്ടില്‍ സംസാരിച്ച കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത്, ബാലചന്ദ്രന്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ മുന്‍ നിര്‍ത്തി ദിലീപിനെതിരെ കേസ് ചാര്‍ജ് ചെയ്യാമെങ്കില്‍, ദിലീപിന്റെ കൈവശം ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍, അതു മുന്‍ നിര്‍ത്തി ബാലചന്ദ്രനെതിരെയും കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തുകയാണ് വേണ്ടത്. ബിഷപ്പ് അറിഞ്ഞ് നടത്തിയ ഇടപെടലായാലും, ബിഷപ്പ് അറിയാതെ, അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്തു നടത്തിയ ഇടപെടലായാലും നിയമ നടപടി അനിവാര്യമാണ്.

തന്റെ ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുവിച്ചെന്നു പറഞ്ഞ് ബാലചന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന്, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ആരോപിച്ചിരിക്കുന്നത്. ബിഷപ്പിനെ ഇടപ്പെടുത്തിയതിനാല്‍ പണമാണ് ബാലചന്ദ്രന്‍ ആവശ്യപ്പെട്ടതെന്നാണ് ദിലീപിന്റെ വാദം. ഹൈക്കോടതിയില്‍ നേരിട്ട് നല്‍കിയ സത്യവാങ് മൂലമായതിനാല്‍, ഈ ആരോപണത്തെ തള്ളിക്കളയാന്‍ പൊതു സമൂഹത്തിനും കഴിയുകയില്ല. അതിനാല്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം ആവശ്യമാണ്. അതുപോലെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം സത്യസന്ധമായാണ് നടത്തുന്നത് എന്ന് ഉറപ്പു വരുത്താന്‍, പൊലീസ് ആസ്ഥാനവും തയ്യാറാകണം.

വിചാരണ നീട്ടാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെങ്കില്‍, അതിനു പിന്നിലെ താല്‍പ്പര്യവും പരിശോധിക്കപ്പെടണം. വിചാരണ ജഡ്ജിക്കെതിരെ നിരന്തരം പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നത് നല്ല രീതിയല്ല. കേസ് തോല്‍ക്കുമെന്ന ഭയമാണ് ഇതിനു അവരെ പ്രേരിപ്പിക്കുന്നതെങ്കില്‍, അത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തില്‍ വിചാരണ കോടതിക്ക് ബോധ്യപ്പെടുന്ന തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍, സ്വാഭാവികമായും അതും പരിശോധിക്കപ്പെടും. അതല്ലാതെ, വിചാരണ കോടതി എന്തു ചെയ്യണം എന്ന് പറയേണ്ടത് പ്രോസിക്യൂഷനല്ല. വളരെ സത്യസന്ധയായ ഒരു ജഡ്ജിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍, അത് വിലപ്പോവുകയില്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സര്‍ക്കാര്‍ നിലപാട് തന്നെയാണോ , പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുന്നത് ? ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച അന്വേഷണ സംഘത്തിന്, അദ്ദേഹത്തെ കോടതി വെറുതെ വിടുന്ന സാഹചര്യം ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. അതാകട്ടെ സ്വാഭാവികവുമാണ്. എന്നാല്‍, അതിനപ്പുറവും ചില വൈരാഗ്യം ഏതെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നുണ്ടെങ്കില്‍, അതിനു അനുസരിച്ച് അവര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍, അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും, ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ നിരന്തരം ആവശ്യപ്പെട്ടതു കൊണ്ടാണ്, ദീര്‍ഘകാലം ദിലീപിന് ജാമ്യം കിട്ടാതിരുന്നിരുന്നത്. ജാമ്യം ലഭിച്ചപ്പോയാകട്ടെ പ്രതികരണത്തിനും വിലക്കുണ്ടായി. അതു കൊണ്ടാണ് ബാലചന്ദ്രനും ദിലീപിന്റെ ശത്രുക്കളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ദിലീപിനു മറുപടി നല്‍കാന്‍ കഴിയാതിരിക്കുന്നത്. ഇത് വല്ലാത്ത ഒരു അവസ്ഥയാണ്. ഈ അവസ്ഥ ഉപയോഗപ്പെടുത്തിയുള്ള ‘വേട്ടയാടല്‍’ കൂടി ഇപ്പോള്‍ ദിലീപിനു നേരെ നടക്കുന്നുണ്ട് എന്നതും, ഒരു യാഥാര്‍ത്ഥ്യമാണ്.

EXPRESS KERALA VIEW

Top