യുഎന്‍ രക്ഷാസമിതിയില്‍ റഷ്യന്‍ പ്രമേയം പാസാക്കുന്നതിന് വീറ്റോ അധികാരം വിലങ്ങുതടിയാകുമോ?

യുഎന്‍ രക്ഷാ സമിതിയില്‍ ഇസ്രയേല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന പ്രമേയം അവതരിപ്പിച്ച് റഷ്യ. പ്രമേയം വോട്ടിനിടുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. 9 വോട്ട് ഉണ്ടെങ്കില്‍ മാത്രമേ റഷ്യന്‍ പ്രമേയം പാസാവൂ, അതേസമയം, വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും വേണം. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്.

ഇസ്രയേലിന് എതിരായ എല്ലാ നീക്കത്തെയും യുഎന്‍ രക്ഷാ സമിതിയില്‍ അമേരിക്ക എതിര്‍ത്തു വരുകയാണ്. ആ സാഹചര്യത്തില്‍ പലസ്തീന് അനുകൂലമായ റഷ്യന്‍ പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇതിന് മുമ്പ് ബ്രസീല്‍ കൊണ്ടുവന്ന പ്രമേയത്തില്‍ പറയുന്നത് ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നാണ്.

24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് രംഗത്തെത്തി. വടക്കന്‍ ഗാസയിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ ജനങ്ങള്‍ ഒഴിഞ്ഞു പോവുക എന്നത് അപ്രായോഗികമാണെന്നും സുരക്ഷിത പാത ഒരുക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ 1300 ഇസ്രയേല്‍ പൗരന്മാരും 2000 പലസ്തീന്‍ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്.

വടക്കന്‍ ഗാസയില്‍ നിന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് പാലായനം ചെയ്തുകൊണ്ടിരിക്കുന്നത്. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രയേല്‍ അന്ത്യശാസനവും നല്‍കിയിരിക്കുകയാണ്. ഗാസയിലെ ആശുപത്രികളില്‍ നിന്ന് പരുക്കേറ്റ ജനങ്ങളെ ഒഴിപ്പിക്കുന്നത് അപ്രായോഗികമാണെന്നാണ് WHO അറിയിക്കുന്നത്. കാല്‍നടയായും, വാഹന മാര്‍ഗവുമെല്ലാമാണ് തെക്കന്‍ ഗാസയിലേക്ക് ജനങ്ങള്‍ നീങ്ങുന്നത്. പാലായനം ചെയ്യുന്നവരില്‍ 70 ഓളം പേരെ ഇസ്രയേല്‍ സേന കൊന്നുവെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ ഇക്കാര്യം നിഷേധിച്ചു.

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിനുള്ള സന്നാഹത്തിലാണ് ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്ഡ് വഴി ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു.

Top