ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ? കെ.പി.എ.സി ലളിതയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം

ലയാളികളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ഒരായുസ്സ് മുഴുവന്‍ അഭിനയത്തിന് വേണ്ടി സമര്‍പ്പിച്ച കെപിഎസി ലളിതയുടെ ഓര്‍മകള്‍ക്ക് രണ്ട് വര്‍ഷം. 1947 മാര്‍ച്ച് 10 ന് കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിന്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. ‘ഗീത’ എന്ന നാടകസംഘത്തിന്റെ ‘ബലി’ ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു. പിന്നീട് മലയാള സിനിമയുടെ മുഖമായി മാറി.

1978 ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു. 1998 ല്‍ ഭര്‍ത്താവിന്റെ നിര്യാണത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന് ദേശീയപുരസ്‌കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.

കഥാപാത്രങ്ങള്‍ തന്മയത്തത്തോടെ കൈകാര്യം ചെയാനുള്ള കഴിവ് ലളിത എന്ന അഭിനയത്രിയുടെ മാറ്റ് കൂട്ടി. അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ സിനിമ ആസ്വാദകരുടെ മനസില്‍ എക്കാലവും മായാതെ നില്‍ക്കുന്നതാണ്. കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവി, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ 550ലേറെ സിനിമയിമകളില്‍ വേഷ പകര്‍ച്ചകള്‍ കൊണ്ട് നിറഞ്ഞാടി.

Top