ലണ്ടന്‍ : രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മറേ, നാലാം സീഡ് സ്വിസ് താരം സ്റ്റാനിസ്‌ലാവ് വാവ്‌റിങ്ക, വനിതാ ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് എന്നിവര്‍ വിമ്പിള്‍ഡന്‍ ടെന്നിസിന്റെ ആദ്യറൗണ്ടില്‍ അനായാസ ജയം നേടി മുന്നേറി.
ബ്രിട്ടിഷ് താരം ലിയാം ബ്രോഡിയെയാണ് ആന്‍ഡി മറേ 6-2, 6-3, 6-4നു മറികടന്നത്. ലോക 772ാം നമ്പര്‍ താരം ബ്രിട്ടിഷുകാരനായ മാര്‍ക്കസ് വില്ലിസ് രണ്ടാം റൗണ്ടിലെത്തി വാര്‍ത്ത സൃഷ്ടിച്ചതിന്റെ പിറ്റേന്ന് 235ാം റാങ്കുകാരനായ ലിയാംബ്രോഡിനെ നിലം തൊടാന്‍ പോലും മറേ അനുവദിച്ചില്ല.
അമേരിക്കന്‍ കൗമാരതാരം ടെയ്‌ലര്‍ ഫ്രിറ്റ്‌സാണ് സ്റ്റാന്‍ വാവ്‌റിങ്കയ്ക്കു മുന്നില്‍ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ തോല്‍വി സമ്മതിച്ചത്.
സ്‌കോര്‍: 7-6 (4), 6-1, 6-7 (2), 6-4. വിമ്പിള്‍ഡന്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു പതിനെട്ടുകാരന്‍ ടെയ്‌ലര്‍. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അമ്ര സാഡികോവിച്ചിനെ 62, 64നു കീഴടക്കിയാണ് നിലവിലെ ചാംപ്യനായ സെറീന വില്യംസ് മുന്നേറിയത്.
മുന്‍ താരം സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ലക്ഷ്യമിട്ടുള്ള സെറീനയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സ്വിസ് താരത്തിനായില്ല. 12ാം സീഡ് ജോ വില്‍ഫ്രഡ് സോംഗ 6-4, 7-6, 6-4ന് സ്‌പെയിനിന്റെ ഇനിഗോ സെര്‍വാന്റസിനെ തോല്‍പിച്ചു.