വിമ്പിള്‍ഡണ്‍ ; റോജര്‍ ഫെഡററിനും സെറീന വില്യംസിനും മുന്നേറ്റം

wimbledon

ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസിലെ നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡററും വനിതാ വിഭാഗത്തില്‍ വില്ല്യംസ് സഹോദരിമാരില്‍ സെറീന വില്ല്യംസും നാലാം റൗണ്ടില്‍ കടന്നു. ജര്‍മനിയുടെ സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ : 6-3, 7-5, 6-2. ഫ്രഞ്ചുകാരി ക്രിസ്റ്റീന മ്ലാഡനോവിച്ചിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ 7-5, 7-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യനായിരുന്ന സെറീന നാലാം റൗണ്ടില്‍ പ്രവേശിച്ചത്.

വില്ല്യംസ് സഹോദരിമാരില്‍ സെറീന വില്ല്യംസ് മുന്നേറിയപ്പോള്‍ ഒമ്പതാം സീഡ് ചേച്ചി വീനസ് വില്യംസിനെ ഡച്ചുകാരിയായ ഇരുപതാം സീഡ് ബെര്‍ട്ടന്‍സ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴ്‌പെടുത്തി അവസാന പതിനാറില്‍ എത്തുകയായിരുന്നു. സ്‌കോര്‍ 6-2, 6-7, 8-6.

അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നര്‍, അമേരിക്കയുടെ തന്നെ മക്‌ഡൊണാള്‍ഡ്, മന്നാരിനൊ, മോണ്‍ഫിസ്, കെവിന്‍ ആന്‌ഡേഴ്‌സന്‍ എന്നിവര്‍ അവസാന പതിനാറില്‍ എത്തിയിട്ടുണ്ട്.

എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. ടൂര്‍ണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലോടെ ആ വര്‍ഷത്തെ വിംബിള്‍ഡണ്‍ അവസാനിക്കുന്നു. എല്ലാ വര്‍ഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയര്‍ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവര്‍ക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.

ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ ആസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയ്ക്കുശേഷമാണ് വിംബിള്‍ഡണ്‍ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ യു.എസ്. ഓപ്പണ്‍ നടക്കും.

Top