ലണ്ടന്‍: വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ നാളെ ഓസ്‌ട്രേലിയന്‍ താരം ആഷ്ലി ബാര്‍ട്ടിയും ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയും ഏറ്റുമുട്ടും. മുന്‍ ചാംപ്യന്‍ ആഞ്ചലിക് കെര്‍ബറെ തോല്‍പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ആദ്യ വിമ്പിള്‍ഡന്‍ ഫൈനലിലെത്തിയത്. സെമിയില്‍ ബെലാറൂസ് താരം അരിന സബലേങ്കയെ (5-7 6-4 6-4) വീഴ്ത്തിയ പ്ലിസ്‌കോവയ്ക്കും ഇതു കന്നി ഫൈനലാണ്.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണില്‍ പരുക്കേറ്റു പിന്‍മാറേണ്ടിവന്ന ബാര്‍ട്ടിയുടെ ഉജ്വല തിരിച്ചുവരവിനാണ് ഇന്നലെ സെന്റര്‍ കോര്‍ട്ട് വേദിയായത് (6-3,7-6). 41 വര്‍ഷത്തിനു ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ വനിത വിമ്പിള്‍ഡന്‍ ടെന്നിസ് ഫൈനലിലെത്തുന്നത്.
1980ല്‍ ഇവാന്‍ കോളിയാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 2019ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ബാര്‍ട്ടിയെ കാത്തിരിക്കുന്നത് കരിയറിലെ 2-ാം ഗ്രാന്‍സ്ലാം കിരീടമാണ്. പുരുഷ സിംഗിള്‍സ് സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും.