വീടിന് 73ലക്ഷം വരുന്ന ജനലുകളും വാതിലുകളും; വീണ്ടും വിവാദത്തില്‍ കുടുങ്ങി ജഗന്‍ മോഹന്‍

ഹൈദരാബാദ്: വീണ്ടും വിവാദത്തില്‍ കുടുങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. വീട്ടിലെ ജനലുകള്‍ക്കും വാതിലുകള്‍ക്കുമായി 73 ലക്ഷം ചിലവിടാനുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നീക്കമാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്. വിലകൂടിയതും ഉയര്‍ന്ന സുരക്ഷയുള്ളതുമായ ഈ ജനലുകളും വാതിലുകളും മുഖ്യമന്ത്രിയുടെ ഗുണ്ടൂര്‍ ജില്ലയുടെ വീടിനായി വാങ്ങാനുള്ള ഉത്തരവ് കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്.

ഇപ്പോഴിതാ ഈ നടപടിക്കെതിരെ ജഗന്റെ രാഷ്ട്രീയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

‘ജഗന്‍ മോഹന്‍ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ വീടിന് ജനലുകള്‍ ഘടിപ്പിക്കാനായി 73 ലക്ഷം രൂപ അനുവദിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായുള്ള സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി ആന്ധ്ര കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഈ നടപടി. ലജ്ജാകരമായ അവസ്ഥയാണിത്” – ചന്ദ്രബാബു നായിഡു ആരോപിച്ചു.

താന്‍ ഒരു രൂപ മാത്രമാണ് ശമ്പളം പറ്റുന്നതെന്ന് പറയുകയും ഇത്രവലിയ ധൂര്‍ത്ത് നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കാപട്യം തിരിച്ചറിയണമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാര ലോകേഷ് ട്വീറ്റ് ചെയ്തു.

മെയ് മാസത്തില്‍ ജഗന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഗുണ്ടൂരിലെ തന്റെ വീട്ടിലേക്ക് 5 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കി റോഡ് നിര്‍മിച്ചതും വിവാദമായിരുന്നു.അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ മുഖ്യമന്ത്രി ഓഫീസും വീടും പുതുക്കി പണിയാനായി 38 കോടി ചിലവഴിച്ചതും വിവാദമായിരുന്നു.സമാനമായ നിരവധി ഉത്തരവുകളാണ് സമീപ കാലത്ത് വിവാദമായിരുന്നത്.

നേരത്തെ ചന്ദ്രബാബുനായിഡു എട്ടുകോടിയോളം രൂപ ചിലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം ജഗന്‍ പൊളിച്ചുനീക്കിയിരുന്നു.

Top