ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല അന്തരിച്ചു. 81 വയസായിരുന്നു അവര്‍ക്ക്. ദീര്‍ഘാകാലമായി ചികിത്സയിലായിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചത്.
22 വയസുള്ളപ്പോഴാണ് വിന്നി മണ്ടേല, നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958-ല്‍ ഇവര്‍ വിവാഹിതരായി. എന്നാല്‍ അധിക കാലം ഒരുമിച്ച് കഴിയാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തിരുന്നു.
വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു വിന്നിയുടേത്. നെല്‍സണ്‍ മണ്ടേല ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം അദ്ദേഹത്തിന്റെ രണ്ടു മക്കളെ വളര്‍ത്തിയതും വര്‍ണ വിവേചനത്തിനെതിരായ പോരാട്ടം ശക്തമായി നിലനിര്‍ത്തിയതും വിന്നി മണ്ടേല ആയിരുന്നു.
നെല്‍സണ്‍ മണ്ടേലയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കാലത്ത് അധികൃതര്‍ വിന്നി മണ്ടേലയെയും വേട്ടയാടിയിരുന്നു. അദ്ദേഹത്തെ മാനസികമായി തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അവരെ തടവിലാക്കാനും അക്രമിക്കാനും ശ്രമം നടന്നു. അവരുടെ വീടിനുനേരെ രണ്ടുവതണ ബോംബാക്രമണമുണ്ടായി.
1990 ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍ മോചിതനായി. വിന്നിയുടെ കൈപിടിച്ച് ജയിലില്‍നിന്ന് പുറത്തേക്കുവരുന്ന നെല്‍സണ്‍ മണ്ടേലയുടെ ചിത്രമാണ് ലോകം കണ്ടത്. രണ്ടു വര്‍ഷത്തിനുശേഷം നെല്‍സണ്‍ മണ്ടേലയുമായി പിരിഞ്ഞ വിന്നി 2006-ല്‍ അദ്ദേഹത്തില്‍നിന്ന് വിവാഹ മോചനം നേടി.