ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാതെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് പര്യവസാനം. ബില്‍ ഇന്ന് പരിഗണിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഇനി ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണിച്ചേക്കും, കഴിഞ്ഞ രണ്ട് ദിവസം ബില്‍ അവതരിപ്പിക്കാന്‍ തുനിഞ്ഞിരുന്നെങ്കിലും ബില്‍ സെലക്ട്റ്റ് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോക്‌സഭ പാസാക്കിയത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ മോചനം നേടുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുന്ന ബില്ലാണിത്.
വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍. ഇതിന് പുറമെ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.