കോവിഡ് പ്രതിരോധം; വിപ്രോയും അസിം പ്രേംജിയും 1125 കോടി നല്‍കും

ന്യൂഡല്‍ഹി: കോവിഡ്19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അസിം പ്രേംജി ഫൗണ്ടേഷന്‍ വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റെര്‍പ്രൈസസ് എന്നിവ സംയുക്തമായി 1125 കോടി നല്‍കും.

1,125 കോടി രൂപയില്‍ വിപ്രോ ലിമിറ്റഡ് 100 കോടി രൂപയും വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡ് 25 കോടി രൂപയുമാണ് നല്‍കുന്നത്. ബാക്കിയുള്ള 1000 കോടി അസിം പ്രേംജി ഫൗണ്ടേഷനുമാണ് നല്‍കുക.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ആരോഗ്യമേഖലയുമെയെല്ലാം കൊറോണ എന്ന മഹാമാരിയില്‍ തകര്‍ന്ന സാഹചര്യമാണ്. രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്‍, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റെര്‍പ്രൈസസ് എന്നിവ സംയുക്തമായി ചേര്‍ന്ന് 1125 കോടി നല്‍കുമെന്ന് സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ തുക കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലക്കും ജനങ്ങളെ ബാധിച്ച മറ്റ് മേഖലകള്‍ക്കും കൈത്താങ്ങാകുന്നതിന് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി. ഈ തുക വിപ്രോയുടെ വാര്‍ഷിക സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് സംഭാവന ചെയ്യുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ കോവിഡ്19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അസിം പ്രേംജി ഫൗണ്ടേഷന്‍ സ്ഥാപകനും വിപ്രോ സ്ഥാപകനുമായ അസിം പ്രേംജി 50000 കോടി നല്‍കിയെന്ന വാര്‍ത്ത വിപ്രോ നിഷേധിച്ചിരുന്നു. 2019 ല്‍ അസിം പ്രേംജി ഫൗണ്ടേഷന്റെ കീഴിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച ഫണ്ട് സംബന്ധിച്ച വാര്‍ത്തയാണ് കോവിഡ് പ്രതിരോധത്തിന് നല്‍കി എന്ന രീതിയില്‍ പ്രചരിക്കുന്നതെന്നായിരുന്നു വിപ്രോ വ്യക്തമാക്കിയിരുന്നത്.

Top