ബംഗളൂരു: പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോയ്ക്ക് നേരെ ഭീഷണി. അഞ്ഞൂറ് കോടി രൂപ നല്‍കിയില്ലെങ്കില്‍ വിപ്രോ ക്യാമ്പസുകളില്‍ മാരക വിഷം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് കമ്പനി അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. ഭീഷണി സന്ദേശമയച്ച ആളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
അജ്ഞാത ഭീഷണിയെ തുടര്‍ന്ന് ബംഗളൂരു, കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിപ്രോ ക്യാമ്പസുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജൈവ ഭീകര ആക്രമണം നടത്തുമെന്നാണ് ഭീഷണിയിലുള്ളത്. മേയ് 25നകം പണം നല്‍കിയില്ലെങ്കില്‍ ഡ്രോണ്‍സ് ഉപയോഗിച്ചോ, കഫ്റ്റീരിയകളിലെ ഭക്ഷണത്തിലൂടെയോ ശുചിമുറികളിലൂടെയോ വിഷം തെളിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്.
മേയ് 25നകം 500 കോടി രൂപ നല്‍കണമെന്നാണ് ഇമെയില്‍ സന്ദേശത്തിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സര്‍ജാപൂരിലെ വിപ്രോ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
Ramesh2@protonmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നുമാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മാരക വിഷവും, ജൈവ ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നതുമായ റൈസിന്‍ സാമ്പിള്‍ കുറച്ച് ദിവസങ്ങള്‍ക്കകം അയച്ചുതരാമെന്നും സന്ദേശത്തിലുണ്ട്.
സംഭവത്തില്‍ ബംഗളൂരു സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.