കൊച്ചി: ബൈക്ക് യാത്രക്കാരനെ പൊലീസുകാരന്‍ വയര്‍ലെസ് സെറ്റ് കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി. പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും പൊലീസുകാരനെതിരെ കേസെടുക്കണമെന്നും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു.
തലയ്ക്ക് വയര്‍ലെസ് സെറ്റ് കൊണ്ട് അടിയേറ്റ സന്തോഷ് ഫെലിക്‌സ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അയാളുടെ കേള്‍വിശക്തി നഷ്ടപ്പെട്ടു. വായ തുറക്കാന്‍ പോലും ഇയാള്‍ക്ക് കഴിയുന്നില്ല. ഇയാളുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണം.വയര്‍ലെസ് സെറ്റിന് എറിഞ്ഞ പൊലീസുകാരനായ മാഷ്ദാസിനെതിരെ മൂന്ന് ദിവസമായിട്ടും കേസെടുക്കാത്തത് ഗുരുതരവീഴ്ചയാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
സസ്‌പെന്‍ഷനിലായ മാഷ്ദാസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേസെടുക്കാനുളള തുടര്‍നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷിന്റെ സഹോദരങ്ങള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.