ദുര്‍മന്ത്രവാദവും ഗാര്‍ഹികപീഡനവും; യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍

അഞ്ചാലുംമൂട് : ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയായെന്ന യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭർത്താവായ സെയ്‌തലി, അമ്മ സീന എന്നിവർ ഒളിവിലാണ്. തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ചിൽ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകൾക്കു നിർബന്ധിച്ചുവെന്നുമാണ് പരാതി.

യുവതി ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകി . എന്നാൽ സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല. പരാതിയുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് പരാതിക്കാരും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

Top