ന്യൂഡല്‍ഹി: നാളെ ഗാന്ധി ജയന്തി. സേവന വാരമായിട്ടാണ് രാജ്യം ഈ ഒരാഴ്ച ആചരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയിരുന്ന ആള്‍ വേറെയില്ല. ശുചിത്വവും ദാരിദ്ര നിര്‍മ്മാര്‍ജ്ജനവുമാണ് ഇന്നും രാജ്യം വലിയ പ്രാധാന്യം നല്‍കുന്ന മേഖലകള്‍. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ആളുകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐക്യരാഷ്ട്ര സഭാ സമ്മേളന വേദിയില്‍ പോലും ഇന്ത്യയുടെ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ ഇന്ത്യയെ അങ്ങേയറ്റം പ്രശംസിച്ചു.
നവജാത ശിശുക്കളുടെ മരണ നിരക്കാണ് മറ്റൊരു കാലോചിതമായ മാറ്റം. ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാനും കുഞ്ഞുങ്ങളുടെ മരണം ഇല്ലാതാക്കാനും സാധിക്കുന്നു എന്നത് ഇന്ത്യയുടെ വലിയ നേട്ടമായിത്തന്നെ വിലയിരുത്തണം.
സാക്ഷരതയില്‍ കേരളത്തിനൊപ്പം എത്താനുള്ള ശ്രമം തന്നെയാണ് മറ്റ് സംസ്ഥാനങ്ങളുടേതും. ബേട്ടി പഠാവോ പദ്ധതികള്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ വന്നിരുന്നു പഠിക്കുന്ന കാഴ്ച ഒരു കാലത്ത് ഇന്ത്യയുടെ ഉള്‍നാടുകളില്‍ കാണാത്ത കാഴ്ചയായിരുന്നു. സ്ത്രീ പുരുഷ അനുപാതമാണ് മറ്റൊരു വിഷയം. ഭ്രൂണഹത്യകള്‍ നിയമം വഴി നിര്‍ത്തലാക്കുകയും നിരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതോടെ അനുപാതത്തിലും വലിയ നേട്ടം ഇന്ത്യ കൈവരിക്കുന്നു എന്നു വേണം കണക്കാക്കാന്‍. ഈ മേഖലകളിലെല്ലാം തന്നെ ഉണ്ടായിരിക്കുന്ന നേട്ടങ്ങള്‍ ഒരു കാലത്ത് മഹാത്മാ ഗാന്ധിയെ അലട്ടിയിരുന്ന പ്രശ്‌നങ്ങളുടെ പരിഹാരം തന്നെയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ശൗചാലയങ്ങളും വൃത്തിയുമാണ് ഗാന്ധിജി ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു മേഖലകള്‍. വെള്ളം ഉപയോഗിച്ച് സ്വയം വൃത്തിയാക്കാവുന്ന കക്കൂസുകള്‍ കൊണ്ടു വന്നത് ഒരു കാലത്ത് തോട്ടികള്‍ എന്ന വിഭാഗത്തെ തന്നെ ഇല്ലാതാക്കി. വിപ്ലവകരമായിരുന്നു ആ മാറ്റം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയില്‍ ആളുകള്‍ക്ക് തുറസ്സായ സ്ഥലങ്ങളില്‍ വെളിക്കിരിക്കേണ്ടി വരുന്നത് അപലപനീയമാണ്. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി എല്ലാവര്‍ക്കും ശൗചാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് ആശ്വാസമാണ്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസ്സര്‍ജ്ജനം നടത്തുന്ന കുട്ടികളില്‍ മാനിസിക വൈകല്യങ്ങള്‍ ഉണ്ടാകാം എന്നും സാമൂഹ്യ ജീവിതത്തില്‍ അത് അവരെ കാര്യമായി ബാധിക്കുമെന്നും പഠനങ്ങള്‍ വന്നിരുന്നു. സ്വച്ഛ് ഭാരതിലൂടെ ഇന്ത്യ ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണ് നേടിയിരിക്കുന്നത്. 1925ല്‍ നവജീവന്‍ മാസികയില്‍ ഗാന്ധി എഴുതിയിരുന്നതു പോലെ, ശുചിത്വ വിപ്ലവമായിരുന്നു ഇന്ത്യയിലെ സ്വച്ഛ് ഭാരത്.
ഇന്ത്യയുടെ ശുചിത്വ പദ്ധതി വലിയ ക്യാംപയിനായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിരവധിപ്പേര്‍ ചൂലെടുത്ത് പുറത്തിറങ്ങി. വലിയ ജനശ്രദ്ധ നേടിയ ചുരുക്കം ചില പദ്ധതികളില്‍ ഉള്‍പ്പെടുന്നതാണ് സ്വച്ഛ് ഭാരത്. സ്വാതന്ത്ര ലബ്ധിക്കു ശേഷം ഇന്ത്യയില്‍ ഉണ്ടായിരിക്കുന്ന വിവിധങ്ങളായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും വളെരെ വ്യത്യസ്തമായി നിരന്തരമായ ജാഗ്രതയായിരുന്നു പദ്ധതിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 ല്‍ 40 ശതമാനമായിരുന്ന ശുചീകരണ പ്രവര്‍ത്തനം ഈ വര്‍ഷം 94 ശതമാനത്തിലെത്തിക്കാന്‍ സാധിച്ചു. 50 കോടിയിലധികം ആളുകള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങള്‍ ലഭ്യമായി എന്നാണ് ഔദ്യോഗിക കണക്ക്. ആകെ ഉണ്ടായിരുന്നതിന്റെ മൂന്ന് ഭാഗം ആളുകളും പുറം സ്ഥലങ്ങളെ ആശ്രയിക്കുന്നില്ല.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 3 ലക്ഷം ജീവനുകളാണ് ശുചീകരണ മിഷനിലൂടെ 2019 ആകുമ്പോഴേയ്ക്കും ഇന്ത്യ രക്ഷിക്കുക. കാരണം വൃത്തിയില്ലായ്മയാണ് അപകടകരമായ പല അസുഖങ്ങള്‍ക്കും കാരണം. ഉള്‍ഗ്രാമങ്ങള്‍ ഒരു വര്‍ഷം ശരാശരി 50,000 രൂപ ലാഭിക്കുമെന്നാണ് യൂനിസെഫിന്റെ കണക്ക്. കുട്ടികളിലെ വളര്‍ച്ചയില്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.