യുഎന്‍ സമ്മേളനം; അതിര്‍ത്തി, ഇറാന്‍ വിഷയങ്ങളില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിവിധ രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള വേദിയാണ് ഇത്. 95 രാഷ്ട്രത്തലവന്മാര്‍, 4 ഉപരാഷ്ട്രപതിമാര്‍, 42 സര്‍ക്കാര്‍ അധികാരികള്‍, 3 ഉപപ്രധാനമന്ത്രിമാര്‍, 48 മന്ത്രിമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രധാനപ്പെട്ട 10 വികസന പദ്ധതികളാണ് യുഎന്നിന് മുന്നില്‍ ഇന്ത്യ അവതരിപ്പിക്കുക. സുരക്ഷ, ആരോഗ്യം, സാമ്പത്തികം തുടങ്ങിയ മേഖലകളെ സംബന്ധിക്കുന്നതായിരിക്കും ഇത്‌.

ഇന്ത്യന്‍ സുരക്ഷയെ സംബന്ധിച്ച് നിലവില്‍ നേരിടുന്ന പ്രശ്‌നം കശ്മീരില്‍ 3 പൊലീസുകാര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതാണ്. ഇക്കാര്യം സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി അവതരിപ്പിക്കും. കഴിഞ്ഞ തവണയും ഇന്ത്യ-പാക്ക് വിഷയം സമ്മേളനത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. ‘ഞങ്ങള്‍ ഐഐടികളും ഐഐഎമ്മുകളും ഉണ്ടാക്കുമ്പോള്‍ പാക്കിസ്ഥാന്‍ ലഷ്‌ക്കര്‍, ജയ്ഷ്-ഇ- മുഹമ്മദുകളെ ഉണ്ടാക്കുകയാണ്’ സുഷമ കഴിഞ്ഞ വര്‍ഷം തുറന്നടിച്ചു.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇത്തവണ പാക്കിസ്ഥാനും ഇന്ത്യയും ഒരുപോലെ പരാമര്‍ശിക്കും. 2017ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിന്റെ മൂന്ന് മിനിട്ട് ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിച്ചിരുന്നത്.

അമേരിക്ക ഇറാഖിനെതിരെ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. ഇറാനുമായുള്ള ബന്ധത്തില്‍ ഇന്ത്യ മാറി ചിന്തിക്കണമെന്ന് ട്രംപ് പ്രതിനിധി നിക്കി ഹാലെ നേരത്തെ പറഞ്ഞിരുന്നു. ഇറാനുമായി ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങള്‍ക്കൊന്നും അമേരിക്കന്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. അതുകൊണ്ടു തന്നെ അവരുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഇല്ലാതാക്കാനും സാധിക്കില്ല. അതേസമയം, അമേരിക്കയോട് ഇടഞ്ഞു നില്‍ക്കാനും കഴിയില്ല. 500 മില്യണ്‍ ഡോളറാണ് ചബഹാര്‍ പോര്‍ട്ട് നിര്‍മ്മിക്കുന്നതിനായി ഇറാന്‍ നിക്ഷേപിച്ചിട്ടുള്ളത്. പാകിസ്ഥാന്‍ വഴി അഫ്ഗാനിലേയ്ക്ക് ഇന്ത്യയ്ക്ക് പാത തുറന്നു കൊടുക്കുന്ന പദ്ധതിയാണിത്.

പാരീസ് ഉടമ്പടിയെ ഉദ്ധരിച്ച് കാലാവസ്ഥ വ്യതിയാന മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇന്ത്യ സമ്മേളനത്തില്‍ മുന്‍കൈ എടുക്കും. കാലവസ്ഥ വ്യതിയാന നിയന്ത്രണങ്ങളാണ് ഇന്ത്യയുടെ രണ്ടാമത്തെ പരിഗണന വിഷയം.

ക്ഷയ രോഗത്തെക്കുറിച്ച് ഇത്തവണ സമ്മേളനത്തില്‍ പ്രത്യേകം സെഷന്‍ ഉണ്ട്. 2030ല്‍ സമ്പൂര്‍ണ്ണ ക്ഷയരോഗ നിവാരണമാണ് യുഎന്‍ ലക്ഷ്യമിടുന്നത്. ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നമാണ് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ചൈന്യയും റഷ്യയും അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിച്ചത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് സുരക്ഷ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കുന്ന കാര്യത്തെ സംബന്ധിച്ച് ഇത്തവണയും അവകാശ വാദം ഉന്നയിക്കും. 160 രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

ഡിജിറ്റല്‍ സഹകരണമാണ് ഇന്ത്യ മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. ചൈനയുടെ വളര്‍ച്ചക്കൊപ്പമെത്താന്‍ ഇക്കാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും ഇത്തവണ ചര്‍ച്ചകള്‍ ഉണ്ടാകും.

Top