പനാജി: ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ തഴഞ്ഞ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്.
കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കറെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ആദ്യം വിളിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 21 പേരുടെ പിന്തുണ ബിജെപിക്കുണ്ടെന്ന് അവകാശപ്പെട്ട് രാജ്ഭവനിലെത്തിയ പരീക്കര്‍ക്ക് ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നു. പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതായുള്ള പത്രക്കുറിപ്പ് ഗവര്‍ണറുടെ സെക്രട്ടറി പുറത്തിറക്കുകയും ചെയ്തു.
ഗോവയില്‍ ജനങ്ങളുടെ ശക്തിക്കുമേല്‍ പണവും അധികാരവും ജയിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാത്തതില്‍ ഗോവയിലെ ജനങ്ങളോട് മാപ്പുചോദിക്കുന്നു. ഗോവയില്‍ വര്‍ഗീയതയ്ക്കും ‘പണാധിപത്യ രാഷ്ട്രീയ’ത്തിനുമെതിരായ പോരാട്ടം തുടരുമെന്നും ദ്വിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചു.
13 സീറ്റ് മാത്രമുള്ള ബിജെപിക്ക് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി)യുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി)യുടെയും രണ്ടു സ്വതന്തരുടെയും പിന്തുണയടക്കം കേവല ഭൂരിപക്ഷത്തിനുള്ള 21 പേരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത് പരീക്കര്‍ ഗവര്‍ണര്‍ക്ക് കൈമാറി. പതിനഞ്ചുദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും ഗവര്‍ണര്‍ മൃദുല സിന്‍ഹ നിര്‍ദേശിച്ചു.
എന്നാല്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിച്ച് നല്‍കിയ ലിസ്റ്റ് പരിഗണിക്കാതെയാണ് ഗവര്‍ണര്‍ ബിജെപിയെ ആദ്യം വിളിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തട്ടിക്കൂട്ടിയെടുത്ത സഖ്യമാണ് ബിജെപിയുടേതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതേ സമയം മണിപ്പൂരിലും ഗോവയിലും സര്‍ക്കാരുണ്ടാക്കുന്നതിന് ബിജെപിയുടെ കരുനീക്കത്തിന് വേഗം കൂടുതലാണ്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും രണ്ടിടത്തും ഒരാളുടെ ഭൂരിപക്ഷമുണ്ടെന്നാണ് ബിജെപി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനേക്കാള്‍ വോട്ടിങ് ശതമാനത്തില്‍ മുന്നില്‍ തങ്ങളാണെന്നും ബിജെപി നേതാക്കള്‍ പറയുന്നു.
ഗോവയില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനവകുപ്പുകളും എംജിപിക്കും ജിഎഫ്പിക്കും വാഗ്ദ്ധാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.