ഫെയ്ബുക്കിലെ സുരക്ഷാ വീഴ്ച ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളെ

facebook

വാഷിംഗ്ടണ്‍: അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് വലിയ എണ്ണം ഉപഭോക്താക്കള്‍ ഉണ്ടെന്നും അതിനാല്‍ രാജ്യത്തെ ഇത് വലിയ അളവില്‍ ബാധിക്കാമെന്നുമാണ് വിദഗ്ധാഭിപ്രായം. 40 മില്യണ്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

270 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ നിന്നും ഫെയ്‌സ്ബുക്കിനുള്ളത്. 2 ബില്യണ്‍ ആളുകളാണ് ആകെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്. എത്ര ഇന്ത്യന്‍ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്ന് ഇന്ത്യന്‍ പ്രസ് ട്രസ്റ്റിന്റെ ചോദ്യത്തിന് ഫെയ്‌സ്ബുക്ക് അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

അക്കൗണ്ടുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പാസ്സ്വേഡുകള്‍ മാറ്റേണ്ടതില്ല എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

അമ്പത് ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈല്‍ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ‘വ്യൂ ആസ്’ എന്ന ഫീച്ചര്‍ ചൂഷണം ചെയ്താണ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടോയെന്നു ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

സ്പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അനുമതിയില്ലാതെ കയറുകയായിരുന്നു. നുഴഞ്ഞുകയറിയ ഹാക്കര്‍മാരെ കുറിച്ച് അറിവായിട്ടില്ല. ഫേസ്ബുക്ക് കോഡിലുണ്ടായ സുരക്ഷാപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനി മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് നേരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നേരത്തെ, സോഫ്റ്റ് വെയര്‍ ബഗ് വഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യ സെറ്റിംഗ്‌സില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന കണ്ടെത്തല്‍ ഫെയ്‌സ്ബുക്കിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Top