ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ കരുത്തനായ സാന്നിധ്യമാകാന്‍ സ്‌കോഡ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വാഹനമാണ് കുഷാക്ക് എസ്.യു.വി. ജൂലൈ മാസത്തോടെ ഈ വാഹനം വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് നിര്‍മാതാക്കളായ സ്‌കോഡ അറിയിച്ചിട്ടുള്ളത്. അതേസമയം, കുഷാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തിയതിന് പിന്നാലെ കരോഖ് എസ്.യു.വിയെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിരിക്കുകയാണ് സ്‌കോഡ. എന്നാല്‍, ഇത് താത്കാലികമാണെന്നാണ് റിപ്പോര്‍ട്ട്.
മെയ് മാസത്തില്‍ അവതരിപ്പിച്ച ഈ വാഹനം മികച്ച ജനപ്രീതി സ്വന്തമാക്കുകയും ഒമ്പത് മാസത്തിനുള്ളില്‍ ആദ്യ ബാച്ചിലെ വാഹനങ്ങള്‍ വിറ്റ് തീരുകയും ചെയ്യുകയായിരുന്നു.സ്‌കോഡ മുമ്പ് നിരത്തുകളില്‍ എത്തിച്ചിട്ടുള്ള യെറ്റി എന്ന വാഹനത്തിന്റെ പകരക്കാരനായാണ് കരോഖ് എത്തിയത്.
സ്‌കോഡ ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിച്ച കുഷാക്ക് എസ്.യു.വി. ഇന്ത്യയില്‍ അസംബിള്‍ ചെയ്താണ് വിപണിയില്‍ എത്തുകയെന്നാണ് വിവരം. സ്‌കോഡ ഇന്ത്യയുടെ 2.0 പദ്ധതി യുടെ കീഴില്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച വാഹനമാണ് കുഷാക്ക്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വിഷന്‍-ഇന്‍ എന്ന പേരിലാണ് കുഷാക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത്.