മെസിയുടെ വരവോടെ പിഎസ്ജിയുടെ പരസ്യവരുമാനം കുത്തനെ ഉയര്‍ന്നു

പിഎസ്ജിയില്‍ ആദ്യ സീസണില്‍ നിറം മങ്ങിയെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി ക്ലബിന് നല്‍കിയത് വന്‍ സാമ്പത്തിക നേട്ടമാണ്.മെസിയുടെ വരവോടുകൂടി പിഎസ്ജിയുടെ പരസ്യവരുമാനം എട്ടിരട്ടിയായി വര്‍ദ്ധിച്ചു. ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസിയുടെ പിഎസ്ജിയിലേക്കുള്ള കൂടുമാറ്റത്തിന് കാരണം.

പിഎസ്ജിയിലെത്തിയ മെസിയ്ക്ക് പതിവ് ഫോമിലേക്ക് എത്താനായില്ല. സീസണില്‍ 34 കളികളിൽ ആകെ നേടിയത് 11 ഗോളും 14 അസിസ്റ്റുകളുമായിരുന്നു. എന്നാല്‍, കളിക്കളത്തില്‍ നിറം മങ്ങിയെങ്കിലും മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനത്തിലുണ്ടായത് വന്‍ വ‍ര്‍ദ്ധനയാണ്. പുതിയ പത്ത് സ്പോണ്‍സര്‍മാരാണ് പിഎസ്ജിയുമായി ഒപ്പുവെച്ചത്.

ഇതോടെ, പിഎസ്ജിയുടെ ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം ഇരട്ടിയായി. പിഎസ്ജിയുടെ ജഴ്സി വില്‍പനയും പ്രതീക്ഷകള്‍ തെറ്റിച്ചു. കഴിഞ്ഞ സീസണില്‍ മാത്രം വിറ്റത് പത്തുലക്ഷത്തിലേറെ ജഴ്സികളാണ്. ഇതില്‍ 60 ശതമാനത്തില്‍ ഏറെയും മെസിയുടെ 30-ാം നമ്പര്‍ ജഴ്സിയാണ്. വരും സീസണിലും മെസി തന്നെയായിരിക്കും പിഎസ്ജിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് എന്നുറപ്പാണ്.

Top