സാഹിതിയുടെയും സുമനസുകളുടെയും സഹായത്തില്‍ ഓമനയ്ക്കും മക്കള്‍ക്കും വീടൊരുങ്ങുന്നു

നിലമ്പൂര്‍: സംസ്‌ക്കാര സാഹിതിയുടെയും സുമനസുകളുടെയും കൈതാങ്ങില്‍ ഓമനയ്ക്കും മക്കള്‍ക്കും വീടൊരുങ്ങും. വിധവയായ ചക്കാലക്കുത്തിലെ പള്ളിയാളിത്തൊടി ഓമനയും ഭിന്നശേഷിക്കാരിയായ മകള്‍ അനിത (26), മകന്‍ അനീഷ് (35) എന്നിവര്‍ വര്‍ഷങ്ങളായി കഴിയുന്നത് മഴയില്‍ ചോരുന്ന അടച്ചുറപ്പില്ലാത്ത വീട്ടിലാണ്. ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ 10 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ടതോടെയാണ് കുടുംബത്തിന്റെ ഭാരം ഓമനയുടെ ചുമലിലായത്.

സ്വകാര്യ സ്ഥാപനത്തിലെ ശുചീകരണതൊഴിലെടുത്താണ് ഓമന കുടുംബം പുലര്‍ത്തുന്നത്. രോഗികളായ ഓമനക്കും അനിതക്കും ചികിത്സയ്ക്ക് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കാണ് തുണ. മകന്‍ അനീഷിനെയും രോഗം അലട്ടുന്നുണ്ട്.
അടച്ചുറപ്പുള്ള വീടെന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ഇവരുടെ ദുരിതമറിഞ്ഞ് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സഹായ ഹസ്തവുമായെത്തിയത്. വീട് പണി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ 60000 രൂപയുടെ നിര്‍മാണ സാമഗ്രികള്‍ സംസ്‌കാര സാഹിതി സംസ്ഥാന അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത് വാഗ്ദാനം ചെയ്തു. സാമഗ്രികള്‍ ഇന്ന് എത്തിക്കും. വീട്ടിലേക്ക് ടി.വിയും നല്‍കും.

നിലമ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി വികാരി റവ.ഷാജി കെ.തോമസ് സംരഭത്തിന് ഇടവകയുടെ സഹകരണം ഉറപ്പ് നല്‍കി. നിലമ്പൂര്‍ കാരാട്ട് കുരീസ് എംഡി കെ.ആര്‍. സന്തോഷ് 20,000 രൂപ ഓമനയ്ക്കു കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തകരായ എരഞ്ഞിക്കല്‍ ഉണ്ണി ഹസന്‍, എരഞ്ഞിക്കല്‍ ബാബു എന്നിവര്‍ പ്രവൃത്തിയുടെ കൂലി ചെലവ് വഹിക്കും. തറ ടൈല്‍ പാകി, ഭിത്തികള്‍ സിമന്റ് തേച്ച്, വാതിലുകള്‍ ജനാലകള്‍ എന്നിവ ഘടിപ്പിച്ചു വീട് കൈമാറും. പണി നാളെ തന്നെ ആരംഭിക്കും. ടിംബര്‍ ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കുടുംബത്തിനു കട്ടിലും കിടക്കയും വാഗ്ദാനം ചെയ്തു.

നിലമ്പൂര്‍ പാലിയേറ്റീവ് ക്ലിനിക്ക് സെക്രട്ടറി ടി.പി.അബ്ദുല്‍ ഹമീദ്, വൈഎംസിഎ വൈസ് പ്രസിഡന്റ് ഇ.പി.ബോബി, കൗണ്‍സിലര്‍ ഡെയ്‌സി ചാക്കോ, സാമൂഹിക പ്രവര്‍ത്തകരായ സി.ടി.രാജു, ബേബി വര്‍ഗീസ്, ചന്ദ്രന്‍ കൈതയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Top