ജാര്‍ഖണ്ഡ്: ബാല വിവാഹം കടുത്ത ശിക്ഷ നല്‍കുമെന്ന നിയമം നില നില്‍ക്കുമ്പോഴും ഇതിനായി കുട്ടികളെ നിര്‍ബന്ധിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്റ്റീല്‍ ഹബ്ബില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പുന്‍സ ഗ്രാമത്തിലാണ് പതിനഞ്ചും, പതിനാലും വയസ്സുള്ള കുട്ടികളെ ബാല വിവാഹത്തിനായി നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്.
സരിത (15), സുഹൃത്തായ മാലി (14) എന്നീ കുട്ടികളെ അവരുടെ മാതാപിതാക്കള്‍ വിവാഹത്തിനായി നിര്‍ബന്ധിക്കുകയും, എന്നാല്‍ കുട്ടികളുടെ അധ്യാപകനായ പ്രദീപ് കുമാറിന്റെ സഹായത്തോടെ കുട്ടികള്‍ രക്ഷപ്പെടുകയുമായിരുന്നു.
അധ്യാപകന്‍ കുട്ടികളുടെ സഹപാഠികള്‍ക്കൊപ്പം വീടുകളിലെത്തി മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.
ജംഷഡ്പൂരിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ശൈശവ വിവാഹം ക്രമേണ കുറഞ്ഞുവരുന്നുണ്ടെന്നും, എന്നാല്‍ തന്റെ വിദ്യാര്‍ത്ഥികളുടെ കാര്യം താന്‍ അറിയുകയും തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികളുമായി മാലിയുടെയും സരിതയുടെയും വീടുകളില്‍ ചെന്ന് അവരുടെ മാതാപിതാക്കളെ ബാല വിവാഹത്തിന്റെ ദോഷമെന്തെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയുമായിരുന്നെന്നാണ് അധ്യാപകനായ പ്രദീപ് കുമാര്‍ പറയുന്നത്.
എട്ടാം ക്ലാസ്സുകാരിയായ മാലി പറയുന്നതിങ്ങനെ താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അതിഥികള്‍ക്ക് ചായ കൊടുക്കുവാന്‍ അമ്മ പറഞ്ഞുവെന്നും, താന്‍ എന്തിന് ചായ കൊടുക്കണമെന്ന് അത്ഭുതപ്പെട്ടെന്നും, പിന്നീടാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം അറിയുന്നതെന്നുമാണ്.
തുടര്‍ന്ന് തന്റെ സുഹൃത്തായ സരിതയും താനും ചേര്‍ന്ന് തങ്ങളുടെ അവസ്ഥ അധ്യാപകനെ അറിയിക്കുകയും, അദ്ദേഹം തങ്ങളെ രക്ഷിക്കുകയുമായിരുന്നെന്ന് കുട്ടികള്‍ വ്യക്തമാക്കി.
മാലിക്കു സമാനമായ അവസ്ഥ തന്നെയാണ് പതിനഞ്ചു വയസ്സുകാരിയായ സരിതയ്ക്കും സംഭവിച്ചത്. ഇവിടെയും വിദ്യാര്‍ത്ഥിയ്ക്ക് തുണയുമായി പ്രദീപും, മാലിയും അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സരിതയുടെ വീട്ടിലും എത്തുകയായിരുന്നു.
ശൈശവ വിവാഹം ഒരു ക്രിമിനല്‍ കുറ്റമാണെന്നും, ഇത് കുട്ടികളുടെ ബാല്യകാലം നശിപ്പിക്കുമെന്നും, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി.
സരിതയും, മാലിയും മിടുക്കികളായ വിദ്യാര്‍ത്ഥികളാണെന്നും, അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അധ്യാപകന്‍ പറഞ്ഞു.
2010-2011 വര്‍ഷത്തെ ആരോഗ്യ സര്‍വ്വേ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും അധികം ശൈശവ വിവാഹം നടക്കുന്നത് രാജസ്ഥാനിലും ബിഹാറിലുമാണെന്നാണ്. കൂടാതെ 2015-2016 വര്‍ഷത്തെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ 44 ശതമാനം പെണ്‍കുട്ടികളും, നഗരപ്രദേശങ്ങളില്‍ 21 ശതമാനം പെണ്‍കുട്ടികളും ബാലവിവാഹത്തിന് അടിമപ്പെടുന്നുണ്ടെന്നാണ്.
യുനിസെഫ് റിപ്പോര്‍ട്ട് പ്രകാരം 19 വയസ്സിന് മുകളിലുള്ള മാതാക്കളുടെ കുഞ്ഞുങ്ങളേക്കാള്‍ മരണ നിരക്ക് കൂടുതലായിരിക്കും 15-19 വയസ്സ് പ്രായമുള്ള മാതാപിതാക്കളുടെ കുട്ടികളുടെ മരണ നിരക്ക്.
ശൈശവ വിവാഹ നിരോധന നിയമം നിലനില്‍ക്കുമ്പോഴും, ബാല വിവാഹം എന്നത് പലയിടങ്ങളിലും നടക്കുന്നുണ്ട്. ആളുകളുടെ ഇത്തരത്തിലുള്ള മനോഭാവം മാറുകയാണ് വേണ്ടതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണായ പ്രഭ ജയ്‌സ്വാള്‍ പറഞ്ഞു.