തിരഞ്ഞടുപ്പ്: ഒരു ലക്ഷത്തിലധികം പണം പിന്‍വലിക്കുന്നത് അധികൃതരെ അറിയിക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ പണമിടപാടുകളോടനുബന്ധിച്ച് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബാങ്കുകള്‍ ദൈനംദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവുണ്ട്.

ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ നിക്ഷേപമോ പിന്‍വലിക്കലോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. അസാധാരണമായി ആര്‍.ടി. ജി.എസ്. വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതും അറിയിക്കണം.

സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിനു മേലെ ഇടപാട് നടക്കുന്നുവെങ്കില്‍ ഇക്കാര്യവും അറിയിക്കണമെന്നാണ് ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. രാഷ്ട്രീയപ്പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപമോ പിന്‍വലിക്കലോ ഉണ്ടായാലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം പിന്‍വലിക്കുകയോ ചെയ്താല്‍ ഇക്കാര്യവും അറിയിക്കണം.

 

 

 

 

Top