സംസ്ഥാനത്തിനകത്ത് സ്വര്‍ണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ-വേ ബില്ലോ ഉടന്‍ നിര്‍ബന്ധമാക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകള്‍ നിര്‍ബന്ധമാകുന്നത്. വില്‍ക്കാനുള്ളതാണോ, വില്‍പ്പന നടത്തിയതാണോ, ഓര്‍ഡര്‍ അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ചതാണോയെന്ന് ബില്ലില്‍ കൃത്യമായി രേഖപ്പെടുത്തണം. അനധികൃതമായി കടത്തുന്ന സ്വര്‍ണങ്ങള്‍ പിടികൂടാന്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ടീമിനെ രൂപീകരിക്കുന്നതാണ്. രേഖയില്ലാതെ സ്വര്‍ണം പിടികൂടുകയാണെങ്കില്‍ , നികുതി തട്ടിപ്പിന് കീഴില്‍ കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാല്‍ മാത്രമാണ് ഈ സ്വര്‍ണം വിട്ടുകിട്ടുകയുള്ളൂ.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, സ്വര്‍ണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്ക് അകത്ത് പോലും കൊണ്ടുപോകുമ്‌ബോള്‍ പോലും ഇ-വേ ബില്‍ അനിവാര്യമാകും. നേരത്തെ 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും, സ്വര്‍ണത്തെ ഒഴിവാക്കുകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം സ്വര്‍ണ ഇടപാടില്‍ നിന്നുള്ള വരുമാനത്ത് കനത്ത ഇടിവ് വന്നതോടെയാണ് കേരളം ഈ നിര്‍ദ്ദേശം അവതരിപ്പിച്ചത്.