ജിദ്ദ: ഹജ്ജ് ഉംറ മന്ത്രാലയം നല്‍കുന്ന ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പുണ്യ നഗരമായ മക്കയില്‍ പ്രവേവശിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. പെര്‍മിറ്റില്ലാതെ ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും ഇത് ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തും. ജൂലൈ അഞ്ച് ഞായറാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്കും ഹജ്ജുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനമാണ് പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. നേരത്തേ രജിസ്റ്റര്‍ ചെയ്ത ശേഷം ഹജ്ജിനായി തെരഞ്ഞെടുക്കപ്പെടുകയും പാക്കേജ് ഫീസ് അടച്ച് പെര്‍മിറ്റ് കരസ്ഥമാക്കുകയും ചെയ്തവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഇവര്‍ക്കൊപ്പം പെര്‍മിറ്റില്ലാത്തവര്‍ കൂടി മക്കയില്‍ പ്രവേശിച്ചാല്‍ അത് കൊവിഡ് നിയന്ത്രണങ്ങളെ തകിടം മറിക്കുമെന്നതിനാലാണ് നടപടി.
മക്കയിലെ മസ്ജിദുല്‍ ഹറാമിനും അതിന്റെ പരിസര പ്രദേശങ്ങള്‍ക്കും പുറമെ, ഹജ്ജ് തീര്‍ഥാടനത്തിന്റെ വിവിധ കര്‍മങ്ങള്‍ നടക്കുന്ന മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കും അനധികൃതമായി പ്രവേശിച്ച് പിടിക്കപ്പെട്ടാല്‍ പിഴ നല്‍കേണ്ടിവരും. ഇന്നു മുതല്‍ ഹജ്ജ് തീര്‍ഥാടനം കഴിയുന്നതു വരെയാണ് പ്രവേശന വിലക്ക്. ഈ രീതിയില്‍ നിയമവിരുദ്ധമായി ആളുകളെ മക്കയില്‍ എത്തിക്കുന്നവര്‍ക്കും അതിന് സഹായം നല്‍കുന്നവര്‍ക്കും ശിക്ഷ ബാധകമായിരിക്കും. അതേസമയം, അനുമതിയോട് കൂടി എത്തുന്ന തീര്‍ഥാടകര്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം രാജ്യത്തെ കൊവിഡ് പ്രതിരോധ നിയമ ലംഘന പ്രകാരം ലഭിക്കാവുന്ന പിഴയും നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ 60,000 പേര്‍ക്കു മാത്രമാണ് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതിയുള്ളത്. ഇവരുടെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ചുരുങ്ങിയത് ഒരു ഡോസ് വാക്സിന്‍ എടുത്തവരും 18നും 65നും ഇടയില്‍ പ്രായമുള്ളവരും ആരോഗ്യവാന്‍മാരുമായ ആളുകള്‍ക്ക് മാത്രമായിരുന്നു അപേക്ഷിക്കാന്‍ അനുമതി. അഞ്ചര ലക്ഷത്തിലേറെ അപേക്ഷകളില്‍ നിന്നാണ് 60,000 പേരെ തെരഞ്ഞെടുത്തത്. അതേസമയം, ഹജ്ജിന് അനുമതി ലഭിച്ചവരില്‍ രണ്ടാം ഡോസ് ലഭിക്കാന്‍ ബാക്കിയുള്ളവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത വാക്സിന്‍ വിതരണ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.