മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വമ്പന്‍ തോല്‍വി. മെസി എത്തിയശേഷം ഇന്റര്‍ മയാമിയുടെ ആദ്യ തോല്‍വിയാണിത്. അറ്റ്‌ലാന്റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ ഇന്റര്‍ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പിച്ചത്. ആദ്യ പകുതിയില്‍ തന്നെ ഇന്റര്‍ മയാമി 1-3ന് പിന്നിലായിരുന്നു. തുടര്‍ച്ചയായി മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതനായതിനാലാണ് മെസിക്ക് വിശ്രമം നല്‍കിയതെന്ന് ഇന്റര്‍ മയാമി കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു.
25-ാം മിനിറ്റില്‍ കംപാനയിലൂടെ ഇന്റര്‍ മയാമിയാണ് ആദ്യം ലീഡെടുത്തത്. 36-ാം മിനിറ്റില്‍ ട്രൈസ്റ്റന്‍ മുയുംബയിലൂടെ അറ്റ്‌ലാന്റ യുണൈറ്റഡ് സമനില പിടിച്ചു. എന്നാല്‍ 40-ാം മിനിറ്റില്‍ കമാല്‍ മില്ലറുടെ സെല്‍ഫ് ഗോള്‍ മയാമിക്ക് തിരിച്ചടിയായി. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ബ്രൂക്‌സ് ലെനന്‍ അറ്റ്‌ലാന്റ യുണൈറ്റഡിന്റെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാംപാന വീണ്ടും മയാമിക്കായി സ്‌കോര്‍ ചെയ്തു. പെനല്‍റ്റിയിലൂടെയായിരുന്നു കംപാനയുടെ രണ്ടാം ഗോള്‍. എന്നാല്‍ 76-ാം മിനിറ്റില്‍ ഗിയോര്‍ഗോസ് ഗിയാകൗമാകിസും 89-ാം മിനിറ്റില്‍ ടെയ്ലര്‍ വോള്‍ഫും അറ്റ്‌ലാന്റ യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തതോടെ മയാമിയുടെ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. അതേസമയം സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ ജയം തുടര്‍ന്നു. അല്‍ റെയ്ദിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസ്ര്‍ തോല്‍പ്പിച്ചത്.