റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്നു ദിവസത്തിനുള്ളില്‍ രണ്ട് സ്ത്രീകള്‍ പട്ടിണി മൂലം മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഛാത്ര ജില്ലയിലെ ഇഖോരി സ്വദേശിനിയായ മീന മുഷാര്‍ (45) ആണ് പട്ടണി മൂലം ആദ്യം മരിച്ചത്. മരണം പട്ടിണി മൂലമാണെന്ന് ഇവരുടെ മകന്‍ ഗൗതം മുഷാര്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉത്തരവിട്ടു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകു. പാഴ്വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് മീന വീട് പുലര്‍ത്തിയിരുന്നത്.
മരണത്തിനു മുമ്പ് നാലു ദിവസം അമ്മ ഭക്ഷണം കഴിച്ചിരുന്നില്ല. തിങ്കളാഴ്ച അവശനിലയിലായതോടെ താന്‍ തോളിലെടുത്താണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രക്ഷിക്കാനായില്ലന്നും ഗൗതം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗിരിധിയിലെ മംഗാര്‍ഗാഡി സ്വദേശിനി സാവിത്രി ദേവി(65) മരിച്ചത്. സാവിത്രി ദേവിക്ക് റേഷന്‍ കാര്‍ഡോ വാര്‍ധക്യ പെന്‍ഷനോ ലഭിച്ചിരുന്നില്ല. രണ്ടു മക്കളും തൊഴില്‍ അന്വേഷിച്ച് സംസ്ഥാനം വിട്ടതോടെ മരുമകനൊപ്പമാണ് സാവിത്രി ദേവി കഴിഞ്ഞിരുന്നത്.