ചൂയിംഗം വാങ്ങിയില്ല, കോടതി പരിസരത്തു വെച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

ലഖ്‌നൗ: ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ കോടതി പരിസരത്തു വെച്ച് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ റഷീദിനും ബന്ധുക്കള്‍ക്കുമെതിരെ 30-കാരിയായ യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഇത്‌ സംബന്ധമായ കേസിലെ വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴായിരുന്നു ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്.

കേസിന്റെ വിശദാംശങ്ങള്‍ വക്കീലുമായി സംസാരിക്കുമ്പോള്‍ ഭര്‍ത്താവ് യുവതിയുടെ അടുത്തെത്തി ചൂയിംഗം നല്‍കുകയായിരുന്നു. യുവതി നിരസിച്ചതോടെ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വക്കീലിന്റെ സാന്നിദ്ധ്യത്തില്‍ മുത്തലാഖ് ചൊല്ലി. സംഭവത്തില്‍ റഷീദിനെതിരെ മുത്തലാഖ് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

Top