ന്യൂഡല്‍ഹി: നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയ കാമുകനെ കൊന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഷീല്‍ കുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ഡോളി ചൗധരി എന്ന യുവതി കൊന്ന് യമുനാ നദിയില്‍ തള്ളിയത്. സുഷീല്‍ കുമാറിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതാണന്ന് കണ്ടെത്തിയത്.
സുഷീലിന്റെ കാമുകിയാണ് ഡോളി ചൗധരി. സുഷീലുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത കൂട്ടത്തില്‍ ഡോളിയെയും ചോദ്യം ചെയ്യുകയായിരുന്നു. ഗ്രേയ്റ്റര്‍ നോയിഡയില്‍ ജോലി മേടിച്ച് നല്‍കിയ സുഹൃത്തുമായുള്ള വഴി വിട്ട ബന്ധം സുഷീല്‍ കണ്ടെത്തുകയും നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് ഡോളി മൊഴി നല്‍കിയത്.
മോഹിത് മാവി എന്ന സുഹൃത്തുമായിട്ടായിരുന്നു ഡോളിക്ക് ബന്ധമുണ്ടായിരുന്നത്. ഇത് അറിഞ്ഞ മോഹിതിന്റെ ഭാര്യ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മോഹിത് ബംഗ്ലൂരുവിലേക്ക് ഒളിച്ച് കടന്നിരുന്നു. മോഹിതും ഡോളിയും വിവാഹം ചെയ്യുമോയെന്ന് സംശയിച്ച സുഷീല്‍ ഡോളിയെ ഭീഷണിപ്പെടുത്തി മഥുരയിലേക്ക് വിളിക്കുകയായിരുന്നു. സുഷീലിന് പാലില്‍ ഉറക്കു മരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതനായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ആഗസ്‌ററ് മാസം 16ാം തീയതിയാണ് സുഷീലിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിക്കുന്നത്. തട്ടിക്കൊണ്ട് പോയതാണെന്നായിരുന്നു സുഷീല്‍ കുമാറിന്റെ പിതാവിന്റെ പരാതിയിലെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.