ഹൈദരാബാദ്: മുംബൈ സന്ദര്‍ശനത്തിന് പണമുണ്ടാക്കാന്‍ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരിയായ ശെയ്ഖ് സോയാ ഖാന്‍ ആണ് അറസ്റ്റിലായത്. 45,000 രൂപയ്ക്കാണ് സ്വന്തം കുഞ്ഞിനെ യുവതി വില്‍ക്കാന്‍ ശ്രമിച്ചത്.
ഹൈദരാബാദിന് സമീപത്തുള്ള ഹബീബീ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ വീണ്ടെടുക്കാനും യുവതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു.
ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതി. കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ബുദ്ധിമുട്ട് യുവതിയെ അലട്ടിയിരുന്നു. കൂടാതെ മുംബൈ നഗരത്തിലേക്ക് പോകണമെന്ന് ഇവര്‍ ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
കുട്ടിയെ വാങ്ങിയ കുടുംബവും വില്‍പ്പനയിലെ ഇടനിലക്കാരനും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിശുസംരക്ഷണ നിയമമനുസരിച്ച് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുഞ്ഞിനെ അച്ഛന് കൈമാറി.