കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെയുണ്ടായ പീഡനശ്രമം; വനിതാ കമ്മീഷന്‍ കേസെടുത്തു

തേഞ്ഞിപ്പലം: യാത്രക്കിടയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ബസ് അധികൃതര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസഫൈനിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും.

സ്ത്രീകള്‍ക്കു സുരക്ഷിതമായി യാത്ര ചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നു കമ്മീഷന്‍ പരിശോധിക്കുമെന്നും എം.സി. ജോസഫൈന്‍ പറഞ്ഞു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു പോലും ബസിലെ ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തികൊടുക്കുന്നില്ലെന്നു കമ്മീഷനു പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതു അതീവഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

കല്ലട ബസില്‍ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഇന്ന് രാവിലെയോടെയാണ് പരാതി വന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബസിലെ രണ്ടാം ഡ്രൈവറാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്.

സംഭവത്തില്‍ ബസ് തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവറെ അറസ്റ്റും ചെയ്തു. യാത്രക്കാര്‍ സംഘടിച്ചാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Top