ബെംഗളൂരു: ബെംഗളൂരുവില്‍ സൊമാറ്റോ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയത് ചോദ്യം ചെയ്ത യുവതിയെ വിതരണം ചെയ്യാനെത്തിയ യുവാവ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. നഗരത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതി മൂക്കിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം യുവതിയോട് ഖേദം പ്രകടിപ്പിച്ച സൊമാറ്റോ അധികൃതര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചു. ബെംഗളൂരുവിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റും ബ്ലോഗറുമായ ഹിതേഷ ചന്ദ്രാണിക്കാണ് ദുരനുഭവം.
ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറായിട്ടും എത്താഞ്ഞപ്പോള്‍ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടെന്നും, ആ സമയത്ത് എത്തിയ ഡെലിവറി എക്‌സിക്യുട്ടീവായ യുവാവിനോട് ഭക്ഷണം വേണ്ടെന്ന് പറഞ്ഞപ്പോള്‍ ആക്രമിച്ചെന്നുമാണ് യുവതിയുടെ പരാതി.
വീട്ടിനകത്തു കയറി മൂക്കിന് മര്‍ദിച്ചെന്നും ചോര വന്നതു കണ്ടപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടെന്നും യുവതി പറയുന്നു. പരാതി ലഭിച്ചതിനു പിന്നാലെ യുവതിയുമായി ബന്ധപ്പെട്ടെന്നും വൈദ്യ സഹായം നല്‍കിയെന്നും , പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സൊമാറ്റോ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഭക്ഷണവുമായെത്തിയ തന്നെ യുവതി ചെരിപ്പു കൊണ്ടടിക്കാന്‍ വന്നപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും, ഇതിനിടെ വീടിന്റെ വാതിലില്‍ തട്ടിയാണ് മുറിവേററതെന്നും യുവാവ് സൊമാറ്റോ അധികൃതരെ അറിയിച്ചതായാണ് വിവരം. സംഭവത്തില്‍ ബെംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി.