ബൈക്ക് റൈഡർ സന ഇഖ്ബാല്‍ ഹൈദരാബാദിൽ കാറപകടത്തിൽ മരിച്ചു

ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റിൽ പര്യടനം നടത്തിയ ബൈക്ക് റൈഡർ സന ഇഖ്ബാല്‍ (29) ഹൈദരാബാദിൽ കാറപകടത്തിൽ മരിച്ചു.

വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം നടത്തുന്നക എന്ന ലക്ഷ്യമായിരുന്നു സനയുടെ യാത്രകൾക്ക് ഊർജം നൽകിയിരുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപമായിരുന്നു അപകടം. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്.

ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്.

ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ് സി എം എസ് കാമ്പസിലും സന എത്തിയിരുന്നു.

Top