ഷാ അലം (മലേഷ്യ): കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്തൊനീഷ്യന്‍ യുവതിക്കെതിരെയുള്ള കേസ് മലേഷ്യ പിന്‍വലിച്ചു. രണ്ടു വര്‍ഷമായി സീതി ഐസ്യ എന്ന യുവതി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.
തിങ്കളാഴ്ച ജയില്‍മോചിതയായ യുവതി ഇന്തൊനീഷ്യന്‍ അംബാസഡറുടെ വിമാനത്തില്‍ ഉടന്‍തന്നെ സ്വന്തം രാജ്യത്തേക്കു തിരിക്കും. കേസ് പിന്‍വലിച്ചതിന്റെ യഥാര്‍ഥ കാരണം പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയില്ലെങ്കിലും ഇന്തൊനീഷ്യയുടെ നിരന്തര നയതന്ത്ര സമ്മര്‍ദ്ദമാണ് പിന്നലെന്നാണ് സൂചന.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വച്ച് സീതി ഐസ്യയും വിയറ്റ്‌നാം സ്വദേശിയായ ഡോവന്‍ തി ഹുവോങ്ങും കിം ജോങ് നാമിന്റെ മുഖത്ത് നേര്‍വ് ഏജന്റ് വിഎക്‌സ് പുരട്ടുകയായിരുന്നു. മിനിറ്റുകള്‍ക്കകം നാം മരിച്ചുവീണു. റിയാലിറ്റി ഷോയുടെ ഭാഗമാണെന്നു ഉത്തര കൊറിയന്‍ ആളുകള്‍ വിശ്വസിപ്പിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് ഇരുവരും കോടതിയില്‍ വാദിച്ചത്.
ഇന്തൊനീഷ്യ നയതന്ത്രപരമായി നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമാണ് നടപടിയെന്ന് മലേഷ്യയിലെ ഇന്തൊനീഷ്യന്‍ അംബാസഡര്‍ റുസ്ഡി കിരാന പറഞ്ഞു. അതേസമയം, നാമിന്റെ കൊലപാതകത്തില്‍ നാലു ഉത്തര കൊറിയക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. ഇന്റര്‍പോള്‍ ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കിം ജോങ് ഉന്നിന് ഭീഷണിയാകുമെന്നു പേടിച്ചാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് യുഎസ്, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ ആരോപിക്കുന്നു അതേസംയം കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉത്തര കൊറിയ നിരന്തരം നിഷേധിക്കുകയാണ്.