കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാല്‍ കഴിയില്ലെന്ന് ഭര്‍ത്താവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സുനീഷയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന ഭര്‍ത്താവ് വിജീഷ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. കേസില്‍ പയ്യന്നൂര്‍ പൊലീസ് ഇന്ന് കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും.
ആഗസ്റ്റ് അഞ്ചിനാണ് സുനീഷയും വീട്ടുകാരും തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്. ആറാം തിയതി പൊലീസ് ഇരുവീട്ടുകാരെയും വിളിച്ചുവരുത്തുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
അന്ന് സുനിഷ ഭര്‍ത്താവ് വിജീഷിനൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച സുനിഷയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. മരണശേഷം ഗാര്‍ഹിക പീഡനമാരോപിച്ച് സുനിഷയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സുനിഷയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകണമെങ്കില്‍ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമായിരിക്കണം എന്ന നിലപാടായിരുന്നു സുനിഷയുടെ വീട്ടുകാര്‍ സ്വീകരിച്ചത്.