വനിത കോണ്‍സ്റ്റബിളിനെ പൊലീസുകാരനായ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു

Violence

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വനിത പൊലീസ് കോണ്‍സ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു. വിവരമറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തി. മീററ്റിലെ ഒരു പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്.

ഭര്‍തൃപിതാവും ഗാസിയാബാദില്‍ പി.എ.സി. റിസര്‍വ് പൊലീസില്‍ ഉദ്യോഗസ്ഥനുമായ നസീര്‍ അഹമ്മദാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബലാത്സംഗം ചെയ്തത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വനിത കോണ്‍സ്റ്റബിള്‍ ഭര്‍ത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് ദുരനുഭവം തുറന്നുപറഞ്ഞു. എന്നാല്‍ ഭാര്യയെ സഹായിക്കുന്നതിന് പകരം ഇയാള്‍ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കി.

വനിതാ കോണ്‍സ്റ്റബിളായ യുവതിയും പൊലീസ് ഉദ്യോഗസ്ഥനായ ആബിദും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. വനിത കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ നസീര്‍ അഹമ്മദ്, ആബിദ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി മീററ്റ് എസ്.പി. വിനീത് ഭട്ട്‌നഗര്‍ പറഞ്ഞു.

Top