പാറ്റ്‌ന: വീടിനു സമീപത്തെ ശബ്ദമലിനീകരണം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ബീഹാറിലെ ഹാജിപൂരിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി മനുഷ്യാവകാശകമ്മീഷനെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുന്നത്.
മതപരമായ ചടങ്ങുകളുടെ പേരില്‍ വീടിനു ചുറ്റുപാടുമുള്ള ഉച്ചഭാഷിണികളുടെ ശബ്ദം എപ്പോഴും ശല്യമാകുന്നുവെന്നാണ് സ്നേഹാ സിംഗ് എന്ന യുവതിയുടെ പരാതി. മറ്റുള്ളവരെ ശല്യപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മനപ്പൂര്‍വ്വം ചിലര്‍ ചെയ്യുന്നതാണിതെന്നും യുവതി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് സ്നേഹ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ജില്ലാ ഭരണകൂടത്തിനു പുറമേ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്നേഹ പരാതി നല്‍കിയിരുന്നു.
അനുകൂല പ്രതികരണം എങ്ങുനിന്നും ലഭിക്കാതെ വന്നതോടെയാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് സ്നേഹ പരാതി നല്‍കിയത്. തന്റെ സുരക്ഷ ഉറപ്പ് നല്‍കാനാവാത്ത ഭര്‍ത്താവിനൊപ്പം കഴിയാനാവില്ലെന്നാണ് യുവതിയുട നിലപാട്. അംഗപരിമിതനായ രാകേഷും സ്നേഹയും നാല് വര്‍ഷം മുമ്പ് പ്രേമിച്ച് വിവാഹം ചെയ്തവരാണ്. മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം കൂടിയാണ് രാകേഷ്.
സ്നേഹയുടെ തീരുമാനത്തിന് അധികൃതരെ കുറ്റപ്പെടുത്തുകയാണ് രാകേഷ്. അയല്‍വാസികളുമായി വഴക്കിന് പോകാന്‍ പറ്റിയ അവസ്ഥയിലല്ല താനെന്നും രാകേഷ് പറയുന്നു. സ്നേഹയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കുടുംബാംഗങ്ങളും പരമാവധി ശ്രമിച്ചുനോക്കിയതാണ്.
പോലീസില്‍ പരാതി നല്‍കിയിട്ട് പോലും ശബ്ദമലീനികരണത്തിനെതിരെ അധികൃതര്‍ നടപടിയുണ്ടായില്ലെന്ന് അവര്‍ പറയുന്നു. അയല്‍വാസികളില്‍ ചിലര്‍ തങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നും സ്നേഹയും കുടുംബവും പറയുന്നു.