കാഞ്ഞങ്ങാട്: ഗർഭപാത്രത്തിലെ പാടനീക്കൽ ശസ്ത്രക്രിയക്ക് വിധേയമായ യുവതി മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ സംഘർഷം. ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ചെറുവത്തൂർ മടക്കര കാടങ്കോട്ടെ കെ ടി നയന(32) ആണ് മരിച്ചത്. ഇതോടെ കാഞ്ഞങ്ങാട് കുശവൻകുന്നിലെ ശശിരേഖ ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന് ഇടയാക്കി.
ഹൃദയാഘാതം മൂലമാണ് യുവതി മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.