കോഴിക്കോട്: സ്‌കൂട്ടര്‍യാത്രക്കാരി റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ സീരാം സാംബശിവ റാവുവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനിയറായ ബിനോജ് കുമാറിനെതിരെ ഐപിസി 304- എ വകുപ്പ് പ്രകാരം മരണത്തിന് കാരണമാവുന്ന അശ്രദ്ധ എന്ന വകുപ്പില്‍ കേസെടുത്തതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ കോളേജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്ഫോമറിന് അടുത്ത് വെച്ച് ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.മലാപ്പറമ്പ് സ്വദേശി അജിതയും മകളും സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടില്‍ പെട്ടാണ് അപകടമുണ്ടായത്. അപടത്തില്‍ അജിത മരിച്ചു. മകള്‍ക്ക് പരിക്കേറ്റു.
സംഭവം ശ്രദ്ധയില്‍പ്പെട്ട കളക്ടര്‍ വിശദമായി അന്വേഷണം നടത്തി. റോഡിലെ കുഴി അടക്കുന്നതില്‍ ഗുരുതരമായ വീഴ്ച വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുണ്ടെന്ന് മനസിലാക്കിയ ജില്ലാ കളക്ടര്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാന്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് എഞ്ചിനിയര്‍ ബിനോജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.