കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയായ രോഗിക്ക് ജാമ്യം. ഡോ. അമൃത രാഗിയെ മര്‍ദിച്ച കേസില്‍ പാലയാട് സ്വദേശി മഹേഷിനാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ദേഹമാകെയുള്ള പരുക്ക് കണക്കിലെടുത്താണു ജാമ്യം നല്‍കിയത്. മഹേഷിനെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഇയാള്‍ ഡോക്ടറെ മര്‍ദിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. വാഹനാപകടത്തില്‍ പരുക്കേറ്റാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ ഡോക്ടറെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നാണു പരാതി. അക്രമി മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി സുരക്ഷാനിയമപ്രകാരം മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.