ആറാം നിലയിലെ ബാൽക്കണിയിൽ തലകീഴായി യോഗാഭ്യാസം; 80 അടി താഴ്ചയിലേക്ക് വീണ് യുവതി

സാന്‍ പെഡ്രോ : മെക്‌സിക്കോയില്‍ ആറാം നിലയിലെ ബാല്‍ക്കണിയില്‍ യോഗാഭ്യാസം നടത്തിയ 23കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി 80 അടി താഴേക്ക് വീണു. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയില്‍ അലെക്‌സ ടെറാസ എന്ന യുവതിയാണ് സാഹസിക യോഗാപ്രകടനത്തിനിടെ അടി തെറ്റി വീണ് അപകടത്തിനിരയായത്. ഗുരുതര പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലെക്സ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താഴേക്ക് വീഴുന്നതിന് തൊട്ടുമുമ്പ് സുഹൃത്താണ് ഈ ചിത്രം പകര്‍ത്തിയത്.

അലെക്സയെ 11 മണിക്കൂര്‍ നീണ്ട റീ കണ്‍സ്ട്രക്ടീവ് സര്‍ജറിക്ക് വിധേയയാക്കി. യുവതിയുടെ 110 എല്ലുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് കാലുകളും കൈകളും ഒടിഞ്ഞിട്ടുണ്ട്. ഇടുപ്പിലും തലയിലും പൊട്ടലുകളുണ്ട്. മൂന്ന് വര്‍ഷത്തേയ്ക്കെങ്കിലും അലെക്സയ്ക്ക് നടക്കാന്‍ കഴിയില്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

Top