ചേര്‍ത്തലയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമാണെന്ന് പൊലീസ്

ചേര്‍ത്തല: കടക്കരപ്പള്ളിയില്‍ യുവതിയെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു.

തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറഞ്ഞതായാണ് വിവരം. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് മറ്റൊരാളുമായും അടുപ്പം ഉണ്ടായി. അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനേ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ രതീഷ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി ബോധരഹിതയായി താഴെവീണു. പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്നതായി രതീഷ് പൊലീസിനോട് സമ്മതിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജിലെ താത്കാലിക നഴ്‌സായ കടക്കരപ്പള്ളി, തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണയെയാണ് ഇന്നലെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവശേഷം ഒളിവില്‍പ്പോയ സഹോദരീഭര്‍ത്താവ് പുത്തന്‍കാട്ടില്‍ രതീഷി (ഉണ്ണി)നെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേര്‍ത്തല ചെങ്ങണ്ടയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കല്‍ കോളേജില്‍ നിന്നു ജോലി കഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്. രതീഷിനെ ബന്ധപ്പെട്ടപ്പോള്‍ ഹരികൃഷ്ണ ഇന്നു ജോലികഴിഞ്ഞുവരില്ലെന്നു പറഞ്ഞുവെന്നായിരുന്നു മറുപടി. ശനിയാഴ്ച പുലര്‍ച്ചേ വീട്ടുകാര്‍ പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്, രതീഷിന്റെ പൂട്ടിയവീട് പൊലീസിന്റെ സാന്നിധ്യത്തില്‍ തുറന്നു നോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിയും രതീഷിന്റെ ഭാര്യയുമായ നീതുവിനു വെള്ളിയാഴ്ച രാത്രി ജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയെന്നാണു കരുതുന്നത്. ജോലികഴിഞ്ഞു ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്ണയെ രതീഷായിരുന്നു മിക്കപ്പോഴും സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്. ഇരുവീടുകളും ഒരുകിലോമീറ്റര്‍ വ്യത്യാസത്തിലാണ്.

 

Top