തിരുവനന്തപുരത്ത് യുവതി മരിച്ചനിലയില്‍, കഴുത്തില്‍ മുറിവ്; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനിതയാണ് മരിച്ചത്.

കുറവന്‍കോണത്ത് ചെടിവില്‍പ്പനശാലയിലെ ജീവനക്കാരിയാണ് വിനിത. വിനിതയുടെ മരണം കൊലപാതകമാണ് എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിനിതയുടെ കഴുത്തില്‍ കണ്ട മുറിവാണ് കൊലപാതകമാണോ എന്ന സംശയം ഉയരാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്.

വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

Top