അദിലാബാദ്: ഭർത്താവ് മരിച്ച യുവതിയെ ഭർതൃബന്ധുക്കൾ വേശ്യാലയത്തിൽ വിറ്റതായി പരാതി.
ഗുജറാത്ത് അദിലാബാദിലെ കിസ്താപൂരിലാണ് സംഭവം. രണ്ടു മക്കളുടെ അമ്മയായ സ്ത്രീയെയാണ് ബന്ധുക്കൾ 1.8 ലക്ഷം രൂപയ്ക്കു വേശ്യാലയ നടത്തിപ്പുകാരനു വിറ്റത്.
മൂന്നു വർഷം മുമ്പ് വിവാഹിതയായ യുവതിയുടെ ഭർത്താവ് ഈ വർഷം തുടക്കത്തിൽ ജീവനൊടുക്കി. ഇതിനുശേഷം സമീപത്തെ സർക്കാർ സ്കൂളിൽ അറ്റൻഡറായി ഇവർ ജോലി നോക്കുകയായിരുന്നു. ഭർത്താവിന്റെ മരണശേഷം ഭർതൃസഹോദരൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. ഒരാഴ്ചമുമ്പ് ഇയാൾ യുവതിയെ സമീപത്തെ വേശ്യാലയത്തിൽ വിൽക്കാൻ ഇടപാട് ഉറപ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാർ ഇവരെകുറിച്ച് അന്വേഷിക്കുമ്പോൾ ഭർതൃവീട്ടുകാർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
ഇതേതുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ഭർതൃവീട്ടിലെത്തി അന്വേഷിച്ചപ്പോൾ യുവതിയെ മറ്റാർക്കോ വിറ്റതായി അറിയാൻ കഴിഞ്ഞു. ഇതേതുടർന്ന് കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.