ഹർദ: കൂട്ടുകുടുംബത്തിൽ താമസിക്കുന്ന യുവതിക്ക് പൊലീസിന്റെ സഹായത്തോടെ പുതിയ ടോയ്ലറ്റ്
നിർമ്മിച്ചു നൽകുന്നു.
മധ്യപ്രദേശിലെ ഹാർദയിലാണ് പൊലീസിന്റെ വ്യത്യസ്തമായ ഈ നടപടി അരങ്ങേറിയത്.
17 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലെ മരുമകളായ യുവതിയാണ് പൊലീസിൽ പുതിയ ടോയ്‌ലറ്റ് ആവശ്യപ്പെട്ട് പരാതി നൽകിയത്.
ഈ കുടുംബത്തിലെ 17 അംഗങ്ങളും ഉപയോഗിക്കുന്നത് ഒരേയൊരു ടോയ്‌ലറ്റാണ്. രണ്ട് വർഷം മുൻപാണ് യുവതിയെ ഈ കുടുംബത്തിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നത്.
അന്ന് മുതൽ യുവതി പുതിയ ടോയ്‌ലറ്റ് പണിയാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. പകരം യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് ബന്ധുക്കൾ ഉപദ്രവിച്ചെന്ന പേരിൽ യുവതി പരാതി നൽകിയതെന്നും, അന്വേഷണത്തിൽ പുതിയ ടോയ്‌ലറ്റ് പണിയുന്നതുമായി ബന്ധപ്പെട്ടാണ് യുവതിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്തിയെന്നും ഹർദ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പങ്കജ് ത്യാഗി പറഞ്ഞു.
തുടർന്ന് ബന്ധുക്കളോട് പൊലീസ് സംസാരിച്ചു പുതിയ ടോയ്‌ലറ്റ് നിർമ്മിക്കാമെന്ന് ഉറപ്പ് വാങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.