Woman IPS officer Sangeeta Kalia was already shunted minister Anil Vij

ന്യൂഡല്‍ഹി: ഗാന്ധിജിയെ അപമാനിച്ച് വിവാദ പരാമര്‍ശം നടത്തിയ ഹരിയാന മന്ത്രി അനില്‍ വിജ് എന്നും വിവാദങ്ങളുടെ തോഴന്‍. 2015 നവംബറില്‍ മന്ത്രിയുടെ ധിക്കാരത്തിന് അദ്ദേഹത്തെ ഇറക്കിവിട്ട് ചുട്ട മറുപടി നല്‍കിയിട്ടുണ്ട് ഒരു വനിതാ ഐപിഎസ് ഓഫീസര്‍.

ഫത്തേ ഗബാദ് എസ്.പിയായിരുന്ന സംഗീത കാലിയയാണ് ധിക്കാരിയായ ഈ മന്ത്രിക്ക് ചുട്ട മറുപടി മുന്‍പ് നല്‍കിയത്. അനധികൃത മദ്യവില്‍പ്പന യുമായി ബന്ധപ്പെട്ട് മന്ത്രി ചെയര്‍മാനായ പരാതി പരിഹാര സമിതി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നത്.

മദ്യക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന മന്ത്രിയുടെ ചോദ്യത്തിന് 2,500 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് യോഗത്തില്‍ എസ്.പി മറുപടി പറഞ്ഞിട്ടും മന്ത്രി എസ്.പി യോട് ഉടക്കുകയായിരുന്നു. തുടര്‍ന്ന് എസ്.പിയോട് ഇറങ്ങി പോവാന്‍ മന്ത്രി ആജ്ഞാപിച്ചെങ്കിലും എസ്.പി അനുസരിച്ചില്ല. താനെന്തിന് ഇറങ്ങി പോകണമെന്ന് അവര്‍ തിരിച്ച് ചോദിച്ചതോടെ നാണം കെട്ട മന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ക്രിമിനലുകള്‍ക്കും മദ്യമാഫിയകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോയിരുന്ന എസ്.പിയെ മന്ത്രി പ്രകോപിപ്പിച്ച് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്ന ആരോപണമാണ് അന്ന് ഉയര്‍ന്നിരുന്നത്. ഇത് മാഫിയകളെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നാണ് ഉയര്‍ന്ന് വന്നിരുന്ന ആക്ഷേപം.

കാര്യങ്ങള്‍ എന്തുതന്നെയായാലും മന്ത്രിയുമായി ഉടക്കിയ എസ്.പി സംഗീത കാലിയയെ സര്‍ക്കാര്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റുകയുണ്ടായി.

ബീഫ് കഴിക്കാതെ ജീവിക്കാന്‍ പറ്റില്ലന്നുള്ളവര്‍ ഹരിയാനയില്‍ വരേണ്ടതില്ലന്നും, പശുവിനെ ദേശീയ മൃഗമാക്കണമെന്ന് പറഞ്ഞും മുന്‍പ് അനില്‍ വിജ് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാന്ധിജിയേക്കാള്‍ വിപണന മൂല്യം മോദിക്കാണെന്നും നോട്ടുകളില്‍ നിന്ന് പതിയെ ഗാന്ധിജിയെ മാറ്റുമെന്നുമാണ് ഈ ബി ജെ പി മന്ത്രി പറയുന്നത്.

ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം മാറ്റി പ്രധാനമന്ത്രി മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ചായിരുന്നു വിവാദ പ്രസ്താവന. ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം ഗാന്ധിയുടെ ചിത്രമാണെന്നാണ് കണ്ടുപിടുത്തം. ഗാന്ധിജിയുടെ ചിത്രം കറന്‍സിയില്‍ വന്നത് മുതല്‍ അതിന്റെ മൂല്യം ഇടിഞ്ഞ് തുടങ്ങിയതായും മന്ത്രി ചൂണ്ടികാട്ടി. രാഷ്ട്രപിതാവിനെ അപമാനിച്ച മന്ത്രിക്കെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

അതേ സമയം പരാമര്‍ശം വിവാദമായതോടുകൂടി മന്ത്രി തന്റെ പ്രസ്താവന പിന്‍വലിക്കുകയും തന്റെ പരാമര്‍ശം തീര്‍ത്തും വ്യക്തി പരമാണെന്നും ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കും എന്നതിനാല്‍ ഇത്‌ പിന്‍വലിക്കുകയാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Top