ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ നേരിട്ട് പങ്കാളികളായവരാണ് ഇവര്‍ മൂന്ന് പേരും എന്ന് പൊലീസ് പറയുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി.
കഴിഞ്ഞ 22 ന് പുലര്‍ച്ചെ രണ്ട്മണിയോടെയാണ് സ്വര്‍ണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. അന്നുച്ചയോടെ പാലക്കാട് വടക്കഞ്ചേരിയില്‍ യുവതിയെ ഇറക്കിവിട്ടു. ദുബായില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാല്‍ മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്നാണ് യുവതിയുടെ മൊഴി. എന്നാല്‍ ഇത് അന്വേഷണസംഘം വിശ്വസിക്കുന്നില്ല.
യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് ലോക്കല്‍ പൊലീസും സ്വര്‍ണക്കടത്ത്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കസ്റ്റംസും ഇഡിയുമാണ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും പല തവണ ഇവര്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 19 നാണ് യുവതി അവസാനമായി സ്വര്‍ണ്ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്. ഈ സ്വര്‍ണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.