ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ത്ഷഹറില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നാലെ വീണ്ടും മര്‍ദ്ദനമേറ്റ് സ്ത്രീ കൊല്ലപ്പെടുകയായിരുന്നു.
ആക്രമിക്കപ്പെട്ട സ്ത്രീ വായില്‍ നിന്ന് നുരയും പതയും രക്തവും ഒലിക്കുന്ന രീതിയില്‍ കാണപ്പെടുന്ന വീഡിയോയാണ് വെളളിയാഴ്ച പുറത്തുവന്നത്. ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരിയാണ് വീഡിയോ പുറത്തുവിട്ടത്. ‘അവളെ ഇങ്ങനെ മര്‍ദ്ദിക്കല്ലേ’ എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സ്ത്രീയുടെ ഭര്‍ത്താവിന്റെ പേര് ഹാഷിം ആണെന്ന് പൊലീസ് പറഞ്ഞു. ഇയാളും ബന്ധുക്കളും ഇപ്പോള്‍ ഒളിവിലാണ്. ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്ത്രീധന പീഡനവും കൊലപാതകവുമാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കേസുകള്‍. എന്റെ സഹോദരിക്ക് നീതി ലഭിക്കണമെന്നും ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു ഗതികേടുണ്ടാകരുതെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി ആവശ്യപ്പെട്ടു.