ന്യൂഡല്‍ഹി: ഒരേ ഗോത്രത്തില്‍പ്പെട്ടയാളെ രഹസ്യമായി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് 25 കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി കനാലില്‍ തള്ളി. ശീതള്‍ ചൗധരി എന്ന യുവതിയെയാണ് അച്ഛനും അമ്മയുമടക്കം അഞ്ചുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം കനാലില്‍ തള്ളുകയായിരുന്നു. ജനുവരി 29നാണ് കൊലപാതകം നടന്നത്. എന്നാല്‍ കൊലപാതക വിവരം പുറംലോകമറിയാതെ കുടുംബം രഹസ്യമായി സൂക്ഷിച്ചു. ശീതളിനെ തട്ടിക്കൊണ്ടുപോയതായി ഭാട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകമറിഞ്ഞത്.
ശീതളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ ഫെബ്രുവരി 18നാണ് ഭാട്ടി പരാതി നല്‍കിയത്. മൂന്ന് ദിവസത്തിന് ശേഷമാണ് അശോക് നഗര്‍ പൊലീസ് ശീതളിന്റെ കുടുംബത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവളുടെ ഭര്‍ത്താവ് അങ്കിത് ഭാട്ടി ശീതളിന്‍രെ അതേ ഗോത്രത്തില്‍പ്പെട്ടതാണ്. ഇതാണ് കൊലപാതകത്തിന് കാരണം. പിതാവ് രവീന്ദര്‍ ചൗധരി, അമ്മ സുമന്‍, അമ്മാവന്‍ സഞ്ജയ്, ബന്ധുക്കളായ ഓം പ്രകാശ്, അങ്കിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശീതളിന്റെ മൃതദേഹവും അവള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഉത്തര്‍പ്രദേശ് പൊലീസ് ജനുവരി 30ന് കനാലില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പൊലീസ് സംസ്‌കരിക്കുകയും ചെയ്തിരുന്നു.