സൂറത്ത്: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഭാര്യയും സുഹൃത്തും അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലുള്ള പാണ്ഡെസാരയിലാണ് സംഭവം നടന്നത്. 35 കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുധ സോങ്കര്‍, ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇരുവരുടെയും നാല് മക്കളുടെ മുന്നില്‍ വച്ചാണ് സുധ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്. സുധയും സന്തോഷും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേ ചൊല്ലി പ്രേംചന്ദും സുധയും തമ്മില്‍ തര്‍ക്കവും വഴക്കം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് ഇരുവരും പ്രേംചന്ദിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സംഭവദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ സന്തോഷ്, പ്രേംചന്ദിനെ ആക്രമിച്ചു. തുടര്‍ന്ന് സുധയുടെ സഹായത്തോടെ ഇയാള്‍ പ്രേംചന്ദിന്റെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന കത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്തു. ഇതിന് ശേഷം ചുറ്റിക ഉപയോഗിച്ച് തുടര്‍ച്ചയായി തലയ്ക്കടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം സുധ, സന്തോഷിന്റെ വീട്ടിലേക്ക് പോയി. രാവിലെ മടങ്ങിവന്ന യുവതി ഭര്‍ത്താവിനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ ധരിപ്പിച്ചു. കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടികള്‍ കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു.