മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ റെയില്‍വേ ഗാര്‍ഡുകളുടെ മുന്നില്‍വെച്ച് യുവതിയ്ക്ക് നേരെ പീഡനശ്രമവും ആക്രമണവും. വ്യാഴാഴ്ച രാത്രി താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്കു പോയ ദാദര്‍കൗള ലോക്കല്‍ ട്രെയിനിലാണ് സംഭവം. അംഗവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത കോച്ചില്‍ യാത്ര ചെയ്തിരുന്ന യുവതിയെ അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതേ കംമ്പര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ പകര്‍ത്തുകയും പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.അതേസമയം, ഗ്രില്‍ കൊണ്ട് വേര്‍തിരിച്ചിരുന്ന, തൊട്ടടുത്ത കമ്പാര്‍ട്ട്‌മെന്റില്‍ റെയില്‍ വേ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടുനിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തൊട്ടടുത്ത ലേഡീസ് കംമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് ദൃശ്യം പകര്‍ത്തിയ സമിര്‍ സവേരി വ്യക്തമാക്കി. താന്‍ 90 ശതമാനം വൈകല്യമുള്ളയാളായതിനാല്‍ അക്രമിയെ തടയാന്‍ കഴിഞ്ഞില്ലെന്നും താനെ സ്‌റ്റേഷന്‍ മുതല്‍ ഇയാള്‍ ആക്രമണം തുടങ്ങിയിരുന്നുവെന്നും സമീര്‍ പറഞ്ഞു. ദാദര്‍ സ്‌റ്റേഷനില്‍ നിന്ന് ഇയാളെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു.